Please don't use Sodium polyacrylate
സോഡിയം പോളി അക്രിലേറ്റ് ആണ് ഇപ്പോൾ ഫേസ്ബുക്കിലെ താരം ധാരാളം സുഹൃത്തുക്കൾ ഇൻബോക്സിലും ഫോൺ ചെയ്തും ചോദിച്ച ചോദ്യമാണിത്. പ്രളയജലം ക്ലീൻ ചെയ്യാൻ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കാമോ?. പലരും ടാഗ് ചെയ്‌തു ചോദിക്കുകയും ചെയ്തു, ഇതാണ് പോസ്റ്റ് "സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ സെക്കന്റുകൾക്കുള്ളിൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം." എന്താണ് വാസ്‌തവം? എന്താണ് സോഡിയം പോളി അക്രിലേറ്റ് സോഡിയം പോളി അക്രിലേറ്റ് 'polyacrylate' എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളിൽ (ഡയപ്പറിൽ) ഇതേ പോളിമർ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കൽ ഫോർമുല [−CH2−CH(CO2Na)−]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതൽ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാൻ പറ്റും. സോഡീയം പോളീ അക്രിലേറ്റ് വലിയ അപകടകാരി അല്ല. അപ്പോൾ പ്രളയ ജലം കളയാൻ ഇത് ഉപയോഗിക്കരുതോ എന്ന ചോദ്യം സ്വാഭാവികം. അപ്പോൾ പ്രശനം എന്താണ്? പക്ഷെ ഇത് പ്രായോഗികം അല്ല. ഇത് വെള്ളവും ആയി പ്രവർത്തിച്ചു gel ആയിക്കഴിഞ്ഞാൽ പിന്നെ വെള്ളം കോരി ക്കളയുന്നതിലും പ്രയാസമാകും ഇത് നീക്കം ചെയ്യുന്നത്. വെള്ളം ഒരു ബക്കറ്റു കൊണ്ടോ, കൂടുതൽ ഉണ്ടെങ്കിൽ പമ്പു വച്ചോ നീക്കം ചെയ്യാം. പരൽ പോലെ നീക്കം ചെയ്യാം എന്നൊക്കെ വായിച്ചു. അങ്ങിനെ പറ്റില്ല. കൂടാതെ കലങ്ങിയ വെള്ളത്തിൽ സ്വാഭാവികമായി അതിന്റെ ആഗിരണ ശേഷി നന്നായി കുറയുകയും ചെയ്യും. ആകെ ഒരു ചെളിക്കുളം പോലെ ആകും. പിന്നെ ഇരട്ടി ജോലി ചെയ്യേണ്ടി വരും. ഇത് പിന്നെ തൊടിയിലോ, പറമ്പിലോ ഇട്ടാൽ അത് ദ്രവിക്കാതെ അവിടെക്കിടക്കും അതും വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കും. ചുരുക്കിപ്പറഞ്ഞാൽ വെള്ളം, വെള്ളമായി തന്നെ കോരിക്കളയാം അത് മണ്ണിൽ അലിഞ്ഞു പൊയ്ക്കൊള്ളും. സോഡീയം പോളീ അക്രിലേറ്റ് വെള്ളത്തിൽ ആഡ് ചെയ്തു പരിസ്ഥിതി മലിനമാക്കുക മാത്രമല്ല, ജോലിയും ഇരട്ടി ആക്കും.
Author : Suresh C Pillai ( https://www.facebook.com/sureshchandra122/posts/10211832721160885 )
Last updated