How to cremate dead animals and birds after floodwater has receded

കാലവര്‍ഷക്കെടുതിയില്‍ ചത്ത മൃഗങ്ങളെയും പക്ഷികളെയും മറവ് ചെയ്യേണ്ട വിധം.*

1. പക്ഷി മൃഗാദികളുടെ ജഡം കണ്ടെത്തിയാല്‍ എത്രയും വേഗം തന്നെ അവയെ സംസ്കരിക്കണം.

2. ജഡം അംഗീകൃത വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ തിരിച്ചറിയേണ്ടതാണ് (ഇയര്‍ ടാഗ്, തിരിച്ചറിയാനുള്ള മറ്റ് അടയാളങ്ങള്‍, പറ്റുമെങ്കില്‍ ഒരു ഫോട്ടോ എടുത്ത് സൂക്ഷിക്കുക.)

3. നഷ്ടപരിഹാരം ലഭിക്കുന്നതിനുമായി ഇയര്‍ ടാഗ് ഉണ്ടെങ്കില്‍ അത് സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. വിവരം ബന്ധപ്പെട്ട സ്ഥാപനങ്ങളെ/ അധികാരികളെ അറിയിക്കേണ്ടതുമാണ്.

4. ജഡം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ സുരക്ഷാമാര്‍ഗങ്ങള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ കൈയുറകള്‍, മുഖാവരണം, വെള്ളം കയറാത്ത ഗംബൂട്ടുകള്‍ തുടങ്ങിവ ധരിച്ചിരിക്കണം.

5. നിലവിലെ സാഹചര്യത്തില്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരണപ്പെട്ട പക്ഷിമൃഗാദികളുടെ ജഡം ആന്തരികപരിശോധനയ്ക്കായി തുറക്കാതിരിക്കുന്നതാണ് ഉത്തമം.

6. ജഡം മറവ് ചെയ്യാനായി വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. ഇതില്‍ നിലവിലത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികമായത് കുഴിച്ചു മൂടലാണ്. ജഡം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുമ്പോള്‍ കിണര്‍, മറ്റു കുടിവെള്ള സ്ത്രോതസ്സുകള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ആവശ്യത്തിന് നീളവും വീതിയും ഉള്ള 6 അടി താഴ്ച്ചയില്‍ നിര്‍മ്മിക്കുന്ന കുഴിയുടെ അടിത്തട്ട് ഭൂമിയുടെ പ്രാദേശീക ജലപീഠത്തില്‍ (വാട്ടര്‍ ടേബിള്‍) നിന്നും കുറഞ്ഞത് 4 അടി എങ്കിലും ഉയരത്തിലായിരിക്കാന്‍ ശ്രദ്ധിക്കണം. പ്രദേശത്തിലെ മണ്ണിലെ നിലവിലത്തെ ജലവിതാനത്തിനനുസരിച്ച് കുഴിയുടെ താഴ്ച്ച ക്രമപ്പെടുത്തുന്നതാണുത്തമം. മണ്ണില്‍ വെള്ളം ഊറി വരുന്നുണ്ടെങ്കില്‍ അധികം താഴ്ചയിലേക്ക് കുഴിക്കുന്നത് പ്രായോഗികമാവില്ല. കുഴിയെടുത്ത ശേഷം അതിന്റെ താഴ്വശത്ത് മണ്ണ് മറയത്തക്ക വിധത്തില്‍ കുമ്മായം വിതറുക. ശേഷം ജഡം കുഴിയില്‍ വയ്ക്കുക. 5% സോഡിയം ഹൈഡ്രോക്സൈഡ്/കൊസ്റ്റിക് സോഡ (ചവര്‍ക്കാരം) ജഡത്തില്‍ എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ ആവശ്യമെങ്കില്‍ തളിയ്ക്കാവുന്നതാണ്. അതിനു മുകളില്‍ കുറച്ചധികം കുമ്മായമിട്ട ശേഷം മണ്ണിടുക. ഇത്തരത്തില്‍ 2 തട്ടില്‍ കുമ്മായവും മണ്ണും മേല്‍ക്കുമേല്‍ ഇട്ടതിന് ശേഷം കുഴി മൂടുക. ജഡം കിടന്നിടത്തുള്ള മണ്ണും അതോടൊപ്പം കുഴിച്ച് മൂടുന്നതും അനിവാര്യമാണ്. കുഴിക്ക് മുകളിലേക്ക് നിരപ്പില്‍ നിന്ന് ഏതാണ്ട് രണ്ടടി ഉയരത്തില്‍ മണ്ണ് കൂന കൂട്ടി കുഴിച്ച് മൂടല്‍ പൂര്‍ത്തിയാക്കുക. വന്യമൃഗങ്ങള്‍, പട്ടികള്‍, പക്ഷികള്‍ തുടങ്ങിയവയുടെ സമ്പര്‍ക്കം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

7. മേല്‍പറഞ്ഞ രീതി തിരഞ്ഞെടുക്കുകയാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുവായ ഒരു സ്ഥലത്ത് കൂട്ടസംസ്കാര രീതിയും അവലംബിക്കാവുന്നതാണ്.

8. ദൂരയിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി ജഡം കിടക്കുന്നത്തിന് അടുത്തുതന്നെ മറവ് ചെയ്യുന്നതാണ് അഭികാമ്യം.

9. ജഡം സംസ്കരിച്ചതിന് ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ കൈകാലുകള്‍ സോപ്പും, അനുനാശിനിയും ചെറുചൂടു വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്.

*വീട്ടിലേക്ക് മടങ്ങാം.. സുരക്ഷിതരായി !!*

How to cremate dead animals and birds after floodwater has receded

Last updated